Wednesday, December 31, 2008

26.ആത്മാവിനെ പിടിക്കാന്‍ ദേവേന്ദ്രന്‍റെ യാത്രയുടെ തുടക്കം

ചിത്രഗുപ്തന്‍ കൊടുത്ത ലിസ്റ്റുമായി കാലത്തെ തന്നെ ദേവേന്ദ്രന്‍ എന്‍റെ അടുത്തെത്തി.. പുതിയ ദേവേന്ദ്രന്‍ കാലന് കൂട്ടുപോകാന്‍ ഞാന്‍ നേരത്തെ ഒരുങ്ങിയിരുന്നു..

വീണ്ടും ഒരു ഭൂമി ദര്‍ശനം. കാരണം മരിച്ചു സ്വര്‍ഗത്തിലോ നരകത്തിലോ വരുന്ന ആത്മാക്കള്‍ പിന്നീട് ഭൂമി കണികാണാന്‍ ഭാഗ്യമുള്ളവര്‍ അല്ല. മരണശേഷം ഗതികിട്ടാതെ കറങ്ങിനടക്കുന്ന ചില ഭാഗ്യദോഷിപ്രേതങ്ങള്‍ ഭൂമിയില്‍ ചുറ്റിത്തിരിയും എന്നല്ലാതെ ഭൌമ സന്ദര്‍ശനം തീര്‍ത്തും വിലമതിക്കാനവാത്തത് തന്നെ.

ഞാന്‍ ദേവേന്ദ്രന്‍ കാലന്‍റെ അഥവാ നവകാലന്‍ ദേവേന്ദ്രന്‍റെ ലിസ്റ്റില്‍ നോക്കി.. കൊട്ടാരക്കര ഷബീര്‍. അറിയപ്പെടുന്ന ഗുണ്ടയാണ്.. ഞാന്‍ സഹതാപത്തോടെ ദേവേന്ദ്രനെ നോക്കി.. എന്‍റെ നോട്ടത്തിലെ സഹതാപം തിരിച്ചറിഞ്ഞ ദേവേന്ദ്രന് ആധിയായി.

"എന്താ മാഷേ...വല്ല പ്രശ്നവും...."

"എടൊ നവകാല.. ഈ ശവി നാട്ടിലെ അറിയപ്പെടുന്ന ഗുണ്ടയാ.. ഒരു നടയ്ക്കൊന്നും പോരാത്ത ഇനമാ..ങ്ങ .. ചെന്നിട്ടു നോക്കാം.."

ദേവേന്ദ്രനെ വിറയ്ക്കാന്‍ തുടങ്ങി..

" താനൊരു കാര്യം ചെയ്യ്.. അല്പം നാടന്‍വാറ്റ് ഇരിപ്പുണ്ട്.. അടിച്ചിട്ട് വാ.. "

ഞാന്‍ അകത്ത് ചെന്നു അല്പം വാറ്റ് ചാരായം ഊറ്റി ദേവേന്ദ്രന് കൊടുത്തു.. ദേവേന്ദ്രന്‍ ഒറ്റപ്പിടിക്ക് വാറ്റടിച്ചു ചുണ്ടും തുടച്ചു ഒരു ഗാട്ടാഗുസ്തിക്കാരനെ പോലെ കവച്ചു കവച്ചു എന്‍റെ കൂടെ നടന്നു.ഇടയ്ക്കിടെ എന്നെ നോക്കുന്നതും ശ്രദ്ധിച്ചപ്പോള്‍ ആള് ഞാന്‍ കരുതിയപോലല്ല പേടിത്തൊണ്ടന്‍ ആണെന്ന് മനസ്സിലായി.. അല്പം കപട ഗൌരവത്തോടെ ഒന്നു ശകാരിക്കാം എന്ന് കരുതി..

" എന്താടെ ദേവേന്ദ്ര... ഇങ്ങനെ കവച്ചു കവച്ചു നടക്കുന്നത്. ഇതു കണ്ടാല്‍ തനിക്ക് പൈല്‍സ് ഉണ്ടെന്നല്ലേ തോന്നൂ.. പഴയ യമരാജന്‍റെ അസുഖം തനിക്കും ഉണ്ടോ.. ഉണ്ടെങ്കില്‍ പേടിക്കേണ്ട.. മരുന്നുണ്ട്..."

ദേവേന്ദ്രന്‍ അല്പം മര്യാദയ്ക്ക് നടക്കാന്‍ തുടങ്ങി..

" അല്ല എന്‍റെ മാഷേ..ഞാന്‍ അല്പം ധൈര്യം കാണിച്ചു നടന്നതാ.."

ദേവേന്ദ്രന്‍ കാര്യം വിശദീകരിച്ചു..ഞാന്‍ അമ്പരന്നു പോയിരുന്നു..ഒപ്പം കഴിഞ്ഞാ കാലം ഒരു മിന്നായം പോലെ മനസ്സിലൂടെ ഓടി മറഞ്ഞു.. തന്നെ കാലന്‍ പിടിച്ചു കൊണ്ടുവന്നതും ഇവിടെ സ്വര്‍ഗത്തിലും നരകത്തിലും സ്ഥലമില്ലാതെ ഷക്കീലയുടെ കൂടെ ഗസ്റ്റ്റൂമില്‍ വച്ചിരുന്നതും ഒടുവില്‍ സ്വര്‍ഗത്തില്‍ വിട്ടതും അവിടെ വയാഗ്ര മരുന്ന് ദേവേന്ദ്രന് കൊടുത്തതും.കാലന്‍റെ പൈല്‍സ് മാറ്റിയതും,ഭൂലോക തരികിടപെണ്ണുങ്ങളെ സഹായിയായി ലഭിച്ചതും, മുള്ള് മരത്തില്‍ കയറ്റിയതും എല്ലാം. ഓര്‍ക്കുമ്പോള്‍ ചിരിവരുന്നു..

വന്നപ്പോള്‍ ഞാന്‍ എന്തായിരുന്നു.. എല്ലാവരെയും പേടിച്ച ഒരു സാധു.. എന്നാല്‍ എന്ന് സ്വര്‍ഗത്തിലും നരകത്തിലും മാത്രമല്ല മുഴുവന്‍ യമാപുരിയിലും ത്രിശങ്കു സ്വര്‍ഗത്തില്‍ പോലും എല്ലാവരും ബഹുമാനിക്കുകയും പേടിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയമാനിപുലേറ്റര്‍. എന്തിനും ഏതിനും ഞാന്‍ തന്നെ വേണം.. എന്‍റെ ഒരു കാര്യം..തെമ്മാടിയേം തേക്കിന്‍ തടിയേം എവിടെ വേണമെങ്കിലും കിടത്താം എന്നുള്ളത് അപ്പോള്‍ ഇതാണ്.. അല്പം വേലത്തരവും തരികിടയും ഉണ്ടെങ്കില്‍ ഭൂമിയില്‍ അല്ല യമാപുരിയിലും വിലസാം..അല്പം ക്ഷമയും വക്രബുദ്ധിയും ഉണ്ടായിരുന്നാല്‍ മതി..

ഞങ്ങള്‍ നടന്നു നടന്നു പോത്തിനെ കെട്ടിയ പോര്‍ച്ചില്‍ ചെന്നു. എന്നെ കണ്ട പോത്ത് വാലാട്ടി കാണിച്ചു.. രണ്ടു മൂന്നു പ്രാവശ്യം കയറിയത് കൊണ്ടാകും പോത്തിന് നല്ല പരിചയം.. ആദ്യമായി ദേവേന്ദ്രന്‍ കാലനായത് കൊണ്ടു ചിത്രഗുപ്തനും സ്വര്‍ഗത്തില്‍ നിന്നു രണ്ടു കിഴവി അപ്സരസുമാരും വന്നിട്ടുണ്ട്. അവര്‍ ദേവേന്ദ്രന് തിലകം ചാര്‍ത്തി. ഞാന്‍ അവരെ കണ്ണിറുക്കി കാണിച്ചപ്പോള്‍ അവര്‍ ചുണ്ട് കടിച്ചു കാല്‍വിരല്‍ കൊണ്ടു നിലത്തു ചതുരമോ വൃത്തമോ ഏതാണ്ടൊക്കെ വരച്ചു..ചിത്രഗുപ്തന്‍ പുതിയ കാലനെ മണിയടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയപ്പോള്‍ നാട്ടില്‍ സര്‍ക്കാര്‍ ഓഫീസില്‍ പുതുതായി എത്തുന്ന ഓഫീസറെ കൈമണി അടിക്കുന്ന പ്യൂണിനെയാണ് ഓര്‍മ്മ വന്നത്.ചിത്രഗുപ്തന്‍ എന്‍റെ നേരെ തിരിഞ്ഞു..

" എടൊ ,..നായരെ. ഈ ദേവേന്ദ്രനെ എല്ലാം നേരം വണ്ണം കാണിച്ചു കൊടുക്കണം..കേട്ടോ..."

ഓ ആശാന്‍ സാറ് കളിക്കുകയാണ്..

"ചിത്രഗുപ്താ...ഒരു കാര്യം പറയാനുണ്ട്..എന്‍റെ കൂടെ വന്നേ.."

ഞാന്‍ ചിത്രഗുപ്തനെ വിളിച്ചു ഒരു വശത്തേക്ക്‌ കൊണ്ടുപോയി.. ചെന്നതെ കരണക്കുറ്റിനോക്കി ഒന്നങ്ങു പൊട്ടിച്ചു..

"എടാ കഴുവേറി കൂടുതല്‍ കളിക്കല്ലേ.. ഞാന്‍ നമ്മുടെ ലീഡറെ പോലെയാ.. ഭരണം വേണം എന്നില്ല.. എല്ലാം എന്‍റെ കൈയിലൂടെയാ ....കൂടുതല്‍ എമാത്തിയാല്‍ പന്നീ നിന്നെ വല്ല പാതളകുഴിയില്‍ അരിയാട്ടാന്‍ പറഞ്ഞു വിടും.. കൂടുതല്‍ ആളുകളിക്കല്ലേ.. ദേവേന്ദ്രന്‍ വെറും ബിനാമിയാ.. രണ്ടാഴ്ച കഴിഞ്ഞാല്‍ ഞാന്‍ തന്നെ എല്ലാം.. കൂടുതല്‍ കൊരയ്ക്കാതെ നിന്നോ.."

ചിത്രഗുപ്തന്‍ പെട്ടെന്ന് തന്നെ കാര്യങ്ങള്‍ മനസ്സിലാക്കി.. ഒരു വിഡ്ഢി ചിരി പാസാക്കി..

" അത് പിന്നെ എനിക്കറിയില്ലേ.. പക്ഷെ ആരോടും പറയണ്ട.."

ചിത്രഗുപ്തന്‍ എന്‍റെ തോളിലൂടെ കൈയിട്ടു പുതിയ കാലന്‍റെ അടുത്തേക്ക് നടന്നു.ഞാന്‍ എന്‍റെ കഴുത്തില്‍ ചുറ്റിയിരുന്ന കുറിമുണ്ട് ദേവേന്ദ്രന് കൊടുത്തു.. എന്തിനെന്ന മട്ടില്‍ എന്നെ നോക്കിയ ദേവെന്ദ്രനോടായി ഞാന്‍ പറഞ്ഞു..

"എടൊ മാഷേ...ആസനം നോവും.. ഇതു സിംഹാസനം അല്ല..പോത്തിന്‍റെ മുതുകാ.. നല്ല എല്ലാ.. ശരിക്കും നോവും..വേണമെങ്കില്‍ നേരം വണ്ണം ഇടാമെങ്കില്‍ ബുദ്ധിമുട്ടില്ലാതെ ഭൂമിയില്‍ എത്താം.."

കുറിമുണ്ട് കൊണ്ടു ജീനിയുണ്ടാക്കി ദേവേന്ദ്രനും ഒപ്പം ഞാനും പോത്തിന്‍റെ മുകളില്‍ കയറി..ചിത്രഗുപ്തന്‍ പോത്തിനെ അഴിച്ചുവിട്ടു.. അപ്സരസുകള്‍ ടാറ്റ കാണിച്ചു.. പക്ഷെ പോത്ത്‌ നിന്നയിടത്തുനിന്നു അനങ്ങിയില്ല.ചിത്രഗുപ്തനും അപ്സരസുകളും ദേവേന്ദ്രനും എന്ന് ചെയ്യണം എന്നറിയാതെ മിഴിച്ചുനിന്നു.. ഞാന്‍ എന്‍റെ പുറം കാലുകൊണ്ട്‌ പോത്തിന്‍റെ വാലിന്‍റെ ഇടയിലൂടെ ആക്സിലെട്ടറില്‍ ചവിട്ടി..

എല്ലാവരെയും അമ്പരപ്പെടുത്തി നേരെ പിന്നില്‍നിന്നിരുന്ന ചിത്രഗുപ്തന്‍റെ മുഖത്തേക്ക് കൊരവപ്പൂ പോലെ ചാണകം ചീറ്റിച്ചു പോത്ത്‌ ഒന്നമറി ബൂലോകത്തേക്ക് കുതിച്ചു..

2 comments:

പരേതന്‍ said...

കുറിമുണ്ട് കൊണ്ടു ജീനിയുണ്ടാക്കി ദേവേന്ദ്രനും ഒപ്പം ഞാനും പോത്തിന്‍റെ മുകളില്‍ കയറി..ചിത്രഗുപ്തന്‍ പോത്തിനെ അഴിച്ചുവിട്ടു.. അപ്സരസുകള്‍ ടാറ്റ കാണിച്ചു.. പക്ഷെ പോത്ത്‌ നിന്നയിടത്തുനിന്നു അനങ്ങിയില്ല.ചിത്രഗുപ്തനും അപ്സരസുകളും ദേവേന്ദ്രനും എന്ന് ചെയ്യണം എന്നറിയാതെ മിഴിച്ചുനിന്നു.. ഞാന്‍ എന്‍റെ പുറം കാലുകൊണ്ട്‌ പോത്തിന്‍റെ വാലിന്‍റെ ഇടയിലൂടെ ആക്സിലെട്ടറില്‍ ചവിട്ടി..

എല്ലാവരെയും അമ്പരപ്പെടുത്തി നേരെ പിന്നില്‍നിന്നിരുന്ന ചിത്രഗുപ്തന്‍റെ മുഖത്തേക്ക് കൊരവപ്പൂ പോലെ ചാണകം ചീറ്റിച്ചു പോത്ത്‌ ഒന്നമറി ബൂലോകത്തേക്ക് കുതിച്ചു..

ഞാന്‍ ആചാര്യന്‍ said...

ഹാപ്പി ന്യൂയീയര്‍ 2009... :D