Monday, January 12, 2009

30.പരേതന്‍റെ അവസാന പോസ്റ്റ്.

അങ്ങനെ എല്ലാവരുടെയും മുഖത്ത്‌ എന്‍റെ ഉത്തരം എന്താവും എന്നുള്ള ടെന്‍ഷന്‍ ആയിരുന്നു.

ഒടുവില്‍ ഞാന്‍ എല്ലാവരോടുമായി പറഞ്ഞു..

" എനിക്ക് പോകണം..തിരിച്ചു ഭൂമിയില്‍. വീണ്ടും മനുഷ്യനായി ജീവിക്കണം.. കഴിയുമെങ്കില്‍ ഇനിയും ഒരു മനുഷ്യനായി ജീവിക്കാന്‍ അവസരം തരൂ.."

കാലന്‍ വന്നു പൊട്ടിക്കരഞ്ഞു കൊണ്ടുകെട്ടിപിടിച്ചു.

"പരേത.. നിങ്ങള്‍ പരലോകത്തിനു നല്കിയ സംഭാവന മറക്കാന്‍ കഴിയാത്തതാണ്. അതുകൊണ്ട് തന്നെ സാധാരണ ഗതിയില്‍ സംഭവിക്കാന്‍ പാടില്ലാത്തത് ആണെങ്കിലും നിങ്ങള്‍ക്ക് അതനുവദിച്ചു തരാം."

അങ്ങനെ വീണ്ടും പരേതനെ മനുഷ്യനായി ജനിപ്പിക്കാന്‍ ദേവതകള്‍ തീരുമാനമെടുത്തു.. മനുഷ്യനായി വീണ്ടും ജനിക്കുമ്പോള്‍ പരേതന്‍ ഇല്ലല്ലോ.. പരേതന്‍ വീണ്ടും മനുഷ്യനായി ജനിക്കുമ്പോള്‍ പരലോകത്ത് എല്ലാവരുടെയും കണ്ണുകളില്‍ സന്തോഷത്തിന്‍റെ അശ്രുക്കള്‍ ആയിരുന്നു...........

(ശുഭം)

"യഥാര്‍ത്ഥനരകവും സ്വര്‍ഗ്ഗവും ഭൂമിയില്‍ തന്നെ..മതമെന്തു പഠിപ്പിച്ചാലും ഭൂമിയില്‍ ജീവിക്കുമ്പോള്‍ പരലോകത്ത് കിട്ടാവുന്ന സ്വര്‍ഗത്തിനു വേണ്ടി സഹജീവികളെ കൊല്ലാതിരിക്കുക. നമ്മള്‍ ഇരുകാലി മനുഷ്യര്‍ പ്രപഞ്ചത്തിലെ വാസയോഗ്യമായ ഈ ഭൂമിയില്‍ സ്വര്‍ഗം തീര്‍ക്കുവാന്‍ ശ്രമിക്കുക.. എന്ത് വിശ്വാസങ്ങളും ഉണ്ടാവട്ടെ, ഏത് മതത്തില്‍ പെട്ടവരും ആകട്ടെ ഇവിടെ നമുക്കു സ്വര്‍ഗം തീര്‍ക്കാം, എല്ലാ മതങ്ങളുടെയും അന്തസത്ത പരസ്പരം സമാധാനത്തോടെ,സ്നേഹത്തോടെ പരസ്പരം ജീവിക്കുക എന്നുള്ളതാണ്.. ആരെയും കൊല്ലുക എന്നുള്ളതല്ല.. പരസ്പരം സ്നേഹിച്ചു ഇവിടെ സ്വര്‍ഗം തീര്‍ക്കുക.. അപ്പോള്‍ പരലോകത്തും നിങ്ങള്‍ക്ക് സ്വര്‍ഗം പ്രതീക്ഷിക്കാം....."


സവിനയം

(പരേതന്‍)പ്രീയപ്പെട്ടവരെ...

അങ്ങനെ പരേതന്‍ ബ്ലോഗ് ഇവിടെ പൂര്‍ണമാവുന്നു.. ഈ ബ്ലോഗ് അവസാനിക്കുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ഒരു ചോദ്യം ഉയരും..ആരായിരുന്നു പരേതനു പിന്നില്‍... ???
നന്ദി..

സസ്നേഹം
(ദീപക് രാജ്)

Sunday, January 11, 2009

29.യമപുരിയിലെ സാമ്പത്തിക മാന്ദ്യം തീര്‍ന്നു

..ഭൂമിയിലെ സാമ്പത്തിക മാന്ദ്യങ്ങളെ അനുസ്മരിപ്പിക്കുന്ന പ്രശ്നങ്ങള്‍ യമപുരിയിലും സ്വര്‍ഗത്തിലും ഉണ്ടായെങ്കിലും അതെന്തു കൊണ്ടു എന്ന് മനസ്സിലാക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല..എന്നാല്‍ വിശദമായ ഒരു പഠനം നടത്തി ഞാന്‍ പിറ്റേന്ന് തന്നെ ഒരു റിപ്പോര്‍ട്ട് നല്കി.

സ്വര്‍ഗത്തിലെ ദേവന്മാര്‍ എല്ലാരും തന്നെ രാഷ്ട്രീയക്കാരെപ്പോലെ ഒന്നും ചെയ്യാതെ വെറും പ്രസ്താവനകളും നടത്തി സ്വര്‍ഗത്തിലെ അപാരസമ്പത്തിന്‍റെ ദുര്‍വിനിയോഗം ആണ് നടത്തിയത്. ഇനി മുതല്‍ സ്വര്‍ഗം എന്നോ നരകമെന്നോ വേര്‍തിരിവില്ലാതെ ഒറ്റയിടം മരണശേഷം ഒരിടം എന്ന സങ്കല്പം ഉണ്ടാക്കുക..

പാപികള്‍ ഭൂമിയില്‍ നിന്നുവന്നാല്‍ അവരെ നരകത്തില്‍ ഇട്ടാല്‍ അവര്‍ വീണ്ടും പാപികളായി തന്നെ ജീവിക്കുകയെ ഉള്ളൂ. അതിനാല്‍ സ്വര്‍ഗമെന്നോ നരകമെന്നോ വേര്‍തിരിവില്ലാതെ എല്ലാരെയയൂം ഒരേയിടത്തു വസിപ്പിക്കുക..ക്രിസ്ത്യാനിക്ക് ഒരു നരകവും,സ്വര്‍ഗ്ഗവും,മുസ്ലിം മറ്റൊരിടത്തില്‍ എന്നത് നിര്‍ത്തുക. ഭൂമിയില്‍ വേണ്ടുവോളം ജാതി മത സ്പര്‍ദ്ദകള്‍ കണ്ടു വന്ന ഇവയെരെയെല്ലാം ഒരിടത്തു തന്നെ ഒന്നിച്ചു താമസിപ്പിക്കുക..നിര്‍ഗുണന്‍മാര്‍ പൈശാചികം,മൃഗീയം എന്നൊക്കെപ്പറഞ്ഞു ഫലത്തില്‍ നിര്‍ഗുണന്‍മാരായി ജീവിക്കുന്നത് ഗുണത്തെക്കാള്‍ കൂടുതല്‍ ദോഷം ചെയ്യുക മാത്രമെ ചെയ്യൂ..

ഓഷോയുടെ അമിത സെക്സിനോടുള്ള ആസക്തിമറ്റൊരു മറ്റൊരു ലൈംഗിക അരാചകത്വം ഉണ്ടാക്കാനെ ഉപകരിക്കൂ..അതെപോലെ ദേവസ്വം ബോര്‍ഡിലെ പണം ആര്‍ക്കും എങ്ങനെയും ചിലവാക്കാം എന്നതുപോലെ ദേവന്മാര്‍ ഒരു ഉത്തരവാദിത്വവും ഇല്ലാതെ ചിലവഴിക്കുന്നത് നിര്‍ത്തലാക്കുക..പാലാഴിയില്‍ നിന്നും മില്‍മയ്ക്ക് കൊടുക്കുന്ന പാലിന്‍റെ പണം സുതാര്യതയോടെ ചിലവാക്കുക..നാരദരെയും,ഗന്ധര്‍വ്വരേയും പോലെയുള്ളവരുടെ യാത്രാപടികള്‍ നിര്‍ത്തലാക്കുക..

ദേവന്മാര്‍ വെറുതെ നടത്തുന്ന പാര്‍ട്ടികളും നൃത്തസന്ധ്യകളും ഒഴിവാക്കി ഭൂലോകത്തെ (ബൂലോകത്തെയും) പണമുള്ളവര്‍ക്ക് യമാപുരി ഒരു റിസോര്‍ട്ട് ആയി മാറ്റി അവരെ ഇവിടെ എത്തിച്ചു പണം ചിലവാക്കാന്‍ അനുവദിക്കുക.. അങ്ങനെ കിട്ടുന്ന പണം യമാപുരിയുടെ വികസനത്തിനായി ചിലവാക്കുക..സത്യംപോലെയുള്ള കമ്പനികളുടെ ഷെയര്‍ വാങ്ങാതെ പണം മുഴുവന്‍ കൂടുതല്‍ വികസനകാര്യങ്ങളില്‍ മുടക്കുക..

ഒരു വേലയും കൂലിയും ഇല്ലാതെ പൂജയും മറ്റുമായി കഴിയുന്ന ദേവലോകത്തെ വ്യക്തികളെ കൂടുതല്‍ പ്രയോജനപ്രദമായ ജോലികളില്‍ ഏര്‍പ്പെടുത്തുക..പൂജ എന്നത് ജോലി ആണെന്ന് മനസ്സിലാക്കി ജോലി ചെയ്തു വരുമാനം ഉണ്ടാക്കാന്‍ ഏവരേയും പഠിപ്പിക്കുക..ആഡംബരനികുതി ഏര്‍പ്പെടുത്തുക..ദേവന്മാര്‍ സ്റ്റൈല്‍ കാണിക്കാന്‍ ഉപയോഗിക്കുന്ന വേഷങ്ങള്‍ ഒഴിവാക്കി കൈലിയും ബനിയനും യൂണിഫോറം ആക്കുക..

തല്‍ക്കാലം ഫണ്ട് കണ്ടെത്താന്‍ ദേവന്മാരുടെ ആഭരണങ്ങള്‍ വില്‍ക്കുക..അതോടൊപ്പം പെട്ടെന്ന് പണമുണ്ടാക്കാന്‍ മരിച്ചു നരകത്തിലും സ്വര്‍ഗത്തിലുമായി വന്നിട്ടുള്ള മാദകനടികളുടെയും അപ്സരസുകളുടെയും നൃത്തസന്ധ്യകള്‍ ഭൂലോകത്ത് നടത്തി പണം കണ്ടെത്തുക..നരകത്തിലും സ്വര്‍ഗത്തിലും പണം.ആഭരണം പൂഴ്ത്തിവച്ചിട്ടുള്ള മുതലാളികളുടെ പണം പാവങ്ങള്‍ക്കും വേണ്ടി ചിലവാക്കുക..

അങ്ങനെ നൂറുകണക്കിന് സാമ്പത്തിക പരിഷ്കാരങ്ങള്‍ എഴുതിയ റിപ്പോര്‍ട്ട്‌ ഞാന്‍ കാലന്‍റെ കൈയില്‍ ഏല്പിച്ചു.കാലന്‍ വഴി ബ്രഹ്മാവ്‌,ശിവന്‍,വിഷ്ണു തുടങ്ങി എല്ലാവരുടെയും കൈയില്‍ കറങ്ങി അവസാനം ഇതു പാസായി.ഭൂമിയിലെതിന് വിപരീതമായി എല്ലാം വേഗത്തില്‍ നടന്നത് കൊണ്ടു സാമ്പത്തികമേഖല പെട്ടെന്ന് തന്നെ അഭിവൃദ്ധിപെട്ടു.തെണ്ടി കുത്തുപാള എടുത്ത യമാപുരിയെ സമ്പന്നതയുടെ സുവര്‍ണ്ണ നാളുകളില്‍ എത്തിച്ച രാവുണ്ണി എന്നാ എന്നെ കാണാന്‍ ജനം ഒത്തുകൂടി.

എല്ലാവര്‍ക്കും ചോദിക്കാന്‍ ഒരേ ഒരു ചോദ്യം..ഇത്രയും നന്മ ചെയ്ത പരേതന്‍ രാവുണ്ണിയ്ക്കെന്തു വേണം.അങ്ങനെ എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് മറുപടിയായി ഞാന്‍ പറഞ്ഞതു അടുത്ത പോസ്റ്റില്‍..

(അടുത്ത പോസ്റ്റോടെ പരേതന്‍ എന്ന ഈ ബ്ലോഗ് അവസാനിക്കും.)

Friday, January 9, 2009

28.അങ്ങനെ ഷബീര്‍ യമപുരിയില്‍

അങ്ങനെ ഷബീറിനെ പിടിക്കാന്‍ ദേവേന്ദ്രനും കാലനും പോത്തും ഷബീര്‍ മന്‍സിലില്‍ എത്തി. ഇതൊന്നും അറിയാതെ കൂര്‍ക്കം വലിച്ചുറങ്ങികൊണ്ടിരുന്ന ഷബീര്‍ പെട്ടെന്ന് ഞെട്ടിയുണര്‍ന്നു..അരയില്‍ അപ്പോഴും ഒരു കത്തി വിശ്രമിച്ചിരുന്നു.

ഷബീര്‍ മുറ്റത്തിറങ്ങി ഒന്നു മുള്ളാന്‍ കുന്തിച്ചിരുന്നു. പക്ഷെ ഈ ഇരുപ്പു പരിചിതമല്ലാത്ത ദേവേന്ദ്രന്‍ എന്നെ മെല്ലെ ഞൊണ്ടി..

"ഇവനെന്താ ഇങ്ങനെ ഇരിക്കുന്നത്...."

"എന്‍റെ ദേവേന്ദ്ര ഇവന്‍ മുസ്ലീമാ... താനെന്തിനാ ഇതൊക്കെ നോക്കുന്നെ...വെറുതെ സമയം മേനകെടുത്താതെ ലവനെ പിടിക്കാന്‍ നോക്കൂ..."

ശബ്ദം കേട്ടു ഷബീര്‍ കത്തിയുമെടുത്ത്‌ ചീറിയടുത്തു...

"ആരാടാ പന്നീന്‍റെ മക്കളെ... ഷബീറിനോടാ കളി,."

" ഷബീ ... ശാബീരേ.. ഞാന്‍ ദേവേന്ദ്രന്‍ .. നിന്നെ കൂട്ടിക്കൊണ്ടു പോകാന വന്നത്.."

വിറച്ചു വിറച്ചു ദേവേന്ദ്രന്‍ പറഞ്ഞൊപ്പിച്ചു..

" പോടാ... എന്നെ കൊണ്ടു പോകാന്‍ നീ വളര്‍ന്നോ..."

ഷബീര്‍ കോപം കൊണ്ടു അന്ധനായി..കാര്യം ദേവേന്ദ്രനെ കൊണ്ടു കൈകാര്യം ചെയ്യാവുന്നതില്‍ നിന്നും അപ്പുറമാണെന്ന് എനിക്ക് മനസ്സിലായി..ഞാന്‍ പതിയെ വെളിച്ചത്തിലേക്ക് നീങ്ങി..

" എടാ.ഷബീറെ.. ഇതു ഞാന..രാവുണ്ണി. കൂടുതല്‍ അഭ്യാസം ഇറക്കല്ലേ.. പുഷ്പം പോലെ പൊക്കിയെടുത്തു ഞാന്‍ കൊണ്ടുപോകും. നിനക്കറിയാലോ എന്നെ...നിന്നെ ഈ പോത്തിന്‍റെ വാലില്‍ തൂക്കിയിട്ടു കൊണ്ടുപോയാല്‍ ഇതു വഴിയില്‍ ഇടുന്ന ചാണകം നിന്‍റെ മുഖത്തെ വീഴൂ.."

ഷബീര്‍ അല്പം അടങ്ങി..ദേവേന്ദ്രന്‍ അല്പം പേടിമാറി അടുത്ത്‌ നിന്നു..

"രാവുണ്ണി.. നിങ്ങള്‍ പറഞ്ഞാല്‍ ഞാന്‍ കേള്‍ക്കാം.. പിന്നെ യമന്‍ അല്ലെ പണ്ടു വന്നിരുന്നത്... ഇപ്പോള്‍ ഇവനാരാ.."

ശബീരിനു വീണ്ടും സംശയം..

"എന്‍റെ പൊന്നു ഷബീറെ.. അവിടെ ഭരണ മാറ്റം ഒക്കെയായി..നീ പിണങ്ങാതെ.. ഇവന്‍ പേരിലല്ലേ.. പിണങ്ങാതെ ഭരിക്കുന്നത്‌ ഞാന്‍ അല്ലെ.. പിന്നെന്താ.."

"രാവുണ്ണി നായരെ.. എന്‍റെ വല്ല്യുപ്പ എവിടാ.. ആ കോയക്കുട്ടി കിളവനെ എനിക്ക് ശരിക്ക് ഒന്നു കിളയ്ക്കണം..."

" എടാ ഷബീര്‍ ...കോയക്കുട്ടി നരകത്തില്‍ ഉണ്ട്.. നിന്നെ ഞാന്‍ അയാളുടെ മുറിയില്‍ തന്നെ ഇടാം.. നീ എന്ത് വേണേല്‍ ചെയ്യാം..പിന്നല്ലാതെ.."

അങ്ങനെ പുലി പോലെവന്ന ഷബീറിനെ എലിപോലെയാക്കി നേരെ യമപുരിയില്‍ എത്തിച്ചു..പക്ഷെ യാത്രയ്ക്കിടയില്‍ ദേവേന്ദ്രന്‍ ഒരക്ഷരം ശബ്ദിച്ചില്ല.യമപുരിയില്‍ കൂടുതല്‍ ചോദ്യവും പറച്ചിലും ഒന്നും ഉണ്ടായില്ല.ശബീറിനെ നേരെ കൊയക്കുട്ടിയുടെ മുറിയില്‍ പ്രവേശിപ്പിച്ചു.. അന്ന് രാത്രി കോയക്കുട്ടി ഉറങ്ങിയില്ലെന്നും അവര്‍ പരസ്പരം അടിയായിരുന്നെന്നും അതല്ല ചര്‍ച്ചകള്‍ക്കിടയിലെ ശബ്ദം മാത്രം ആയിരുന്നെന്നും കേട്ടു,.

പിറ്റേന്ന് രാവിലെ യമരാജന്‍ എത്തി.. ആദ്യമായി ആത്മാവിനെ കൊണ്ടുവരാന്‍ പോയ യാത്രയെകുറിച്ചു ദേവേന്ദ്രനോട് ചോദിച്ചു.. പക്ഷെ ഒന്നും മിണ്ടാതെ വായും പൊട്ടി നില്ക്കുന്ന ദേവേന്ദ്രനെ ആകെ തെറിവിളി നടത്തുകായിരുന്നു യമന്‍.പക്ഷെ അതിനിടയില്‍ ഞാന്‍ അവിടെ ചെന്നു ദേവേന്ദ്രനെ രക്ഷിച്ചു..

" യമ....ഇവന്‍ പുതിയ പുള്ളി അല്ലെ.. ഞാന്‍ ഇവനെ നേരെ ആക്കികൊള്ളാം.. അതിനല്ലേ ഞാന്‍.. പിന്നെ അതുവരെ ഇവനെ സഹായിക്കാന്‍ ഞാനില്ലേ."

യമന്‍ സന്തോഷത്തോടെ എന്നെ കെട്ടിപിടിച്ചു.

" എടൊ നായരെ താന്‍ ഇവിടെ വന്നപ്പോള്‍ എല്ലാം അലങ്കൊലപ്പെട്ടിരിക്കുയായിരുന്നു..ഇപ്പോള്‍ അല്പം അടുക്കും ചിട്ടയും വന്നപോലെയുണ്ട്... ഇതിനെങ്ങനെ നന്ദി പറയും.."

" യമ ... നമുക്കു ഇവിടെ ആകെ ഒന്നു പരിഷ്കരിക്കണം.. ഞാന്‍ വിശദമായ ഒരു പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട് തരുന്നുണ്ട്.. ഇപ്പോള്‍ സ്വര്‍ഗം ആളില്ലാതെ ബുദ്ധിമുട്ടുകയല്ലേ.. ഇവിയെയും ചില പ്രശ്നങ്ങള്‍ ഉണ്ട്.. ഒരു ചെറിയ പെരിസ്ത്രോയിക്ക. ഞാന്‍ ആകെ ഒരു വിശദമായ റിപ്പോര്‍ട്ട് തരാം..എന്നിട്ട് വേണം ഇവിടെയല്ലാം ഒന്നു നേരെയാക്കാം.."

യമന്‍റെ കണ്ണ് നിറഞ്ഞു..

"ഞാന്‍ എങ്ങനെ നന്ദി പറയും എന്‍റെ നായരെ.."

" യമാ. വിഷമിക്കാതെ.. ഞാന്‍ എന്‍റെ കൂലി ചോദിച്ചു വാങ്ങിക്കോളാം..പിന്നെ ഞാന്‍ റിപ്പോര്‍ട്ട് തന്നാല്‍ അതുപോലെ നടപ്പില്‍ വരുത്തികൊള്ളണം.. എന്നിട്ട് വേണം യമലോകം ഭൂമിയെക്കാള്‍ സുന്ദരമാക്കണം.. ആളുകള്‍ ഭൂമിയില്‍നിന്നും യമലോകത്ത്‌ വരാന്‍ കൊതിക്കണം.. പിന്നെ ഇവിടെ ചില പട്ടയപ്രശ്നങ്ങള്‍ ഉണ്ടല്ലോ.. അതെല്ലാം ഇടിച്ചു പൊളിക്കാന്‍ നില്‍ക്കാതെ എല്ലാം അങ്ങനെ നിയമസാധുതയുള്ളതായിരിക്കട്ടെ. വെറുതെ ഇടിച്ചു നാറാതെ.. അപ്പോള്‍ എല്ലാം അടുത്ത ആഴ്ച,."

ദേവേന്ദ്രനും യമനും കൈക്കൂപ്പി നിന്നപ്പോള്‍ ഞാന്‍ എന്‍റെ വൈദ്യശാല ലക്ഷ്യമാക്കി നടന്നു..

Tuesday, January 6, 2009

27.ഷബീറും കൊയക്കുട്ടിയും

ചാണകം ചീറ്റിച്ചുകൊണ്ടു പോത്ത് ഓട്ടം തുടര്‍ന്നു. പക്ഷെ യാത്രയിലുടനീളം പുതുതായി കാലനായി അധികാരമേറ്റ ദേവേന്ദ്രന്‍ ചിന്താകുലനായിരുന്നു. ഇടയ്ക്ക് ഞാന്‍ തോളില്‍ തട്ടി കാരണം ആരാഞ്ഞപ്പോഴാണ് ദേവേന്ദ്രന്‍ താന്‍ പിടിക്കാന്‍പോകുന്ന "ഷബീര്‍" എന്ന ഗുണ്ടയാണ് ചിന്തയുടെ കാരണമെന്ന് വെളിപ്പെടുത്തിയത്..

"ദേവേന്ദ്ര.. ആരും ഗുണ്ടയായി ജനിക്കുന്നില്ല.. ദേവലോകത്ത്‌ തന്നെ എല്ലാവരും പേടിച്ചു പ്രതികരിക്കില്ലാ എന്നതുകൊണ്ട് തനിക്കിതുപോലെയുള്ളവരെ അറിയില്ലായിരിക്കും..എന്നാല്‍ ഞാന്‍ ഇത്തരം ആളുകളെ ഇഷ്ടം പോലെ കണ്ടിട്ടുണ്ട്..ഷബീറിനെ എനിക്കറിയാം.. അവനെ മാത്രമല്ല അവന്‍റെ വല്ല്യുപ്പ കൊയക്കുട്ടിയേം അറിയാം.. കൊയക്കുട്ടിയാ ഇവനെ ഒരു ഗുണ്ടയാക്കിയത്.."

ഞാന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ദേവേന്ദ്രന്‍ തിരിഞ്ഞു നോക്കി...

"നമ്മുടെ നരകത്തില്‍ ഉള്ള പ്രുഷ്ടംകൊയയോ..."

"അതെ ദേവേന്ദ്ര..അയാള്‍ നരകത്തില്‍ വരുന്നതിനു മുമ്പെ ഒരു വലിയ നശൂലമായിരുന്നു.. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും എങ്ങനെ വിഷമങ്ങള്‍ ഉണ്ടാക്കാം,അവരുടെ ജീവിതം എങ്ങനെ ദുരിതപൂര്‍ണമാക്കാം എന്ന് ചിന്തിച്ചുകൊണ്ട്‌ ജീവിച്ചിരുന്ന ഒരു പഹയന്‍,,അയാളുടെ മരണശേഷംആണ് ഷബീര്‍ ഗുണ്ടയായത്‌.."

ആകഥ അറിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച ദേവേന്ദ്രനോട് അതുഞാന്‍ പറഞ്ഞു.

"കൊട്ടാരക്കരയിലെ ഒരു അറിയപ്പെടുന്ന സാമൂഹ്യദ്രോഹിയും ക്രൂരനും സര്‍വോപരി മനുഷ്യര്‍ക്ക്‌ ഉപദ്രവവും മാത്രം കൊടുക്കാന്‍ ജനിച്ചവനായിരുന്നു കോയക്കുട്ടി.. കോടികളുടെ സമ്പത്തുണ്ടായിരുന്ന കോയക്കുട്ടി മരിച്ചിട്ട് സമ്പത്ത് കിട്ടാന്‍ കാത്തിരിക്കുകയായിരുന്നു കൊയക്കുട്ടിയുടെ ബന്ധുക്കള്‍.. പക്ഷെ കോയക്കുട്ടി ആര്‍ക്കും ഒന്നും കൊടുത്തില്ലെങ്കിലും അയാളെ നേരിട്ടു എന്തെങ്കിലും ചെയ്തുകൊല്ലാന്‍ എല്ലാവര്‍ക്കും പേടിയായിരുന്നു.. അങ്ങനെ ഒരു സുദിനം വന്നു.. എല്ലാ ബന്ധുക്കളുടെയും വീട്ടില്‍ ഒരു എഴുത്ത് അയച്ചു കോയക്കുട്ടി വീട്ടിലേക്ക് ക്ഷണിച്ചു.."

കത്തിന്‍റെ ഉള്ളടക്കം ഇതായിരുന്നു,.

"ഞാന്‍ കോയക്കുട്ടി... ജനിച്ചിട്ടിന്നുവരെ എല്ലാവര്‍ക്കും നാശവും ദ്രോഹവും മാത്രമെ ചെയ്തിട്ടുള്ളൂ..എന്നാല്‍ എന്‍റെ മരണം അടുത്ത്‌ എന്ന് ബോധ്യം വന്ന ഞാന്‍ എന്‍റെ സമ്പത്ത് എല്ലാവര്‍ക്കും ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നു.. അതുകൊണ്ട് എല്ലാവരും എന്‍റെ വീട്ടില്‍ വരണം.. നിങ്ങള്‍ക്കായി എന്‍റെ വസ്തുവകകള്‍ ദാനം ചെയ്യാന്‍ അനുവദിക്കണം..അങ്ങനെ നാളിതുവരെ ഞാന്‍ ചെയ്ത പാപങ്ങളില്‍ നിന്നു മുക്തനായി നല്ല മരണം വരിക്കാന്‍ നിങ്ങള്‍ സഹായിക്കണം.."

കൊയക്കുട്ടിയുടെ മരണം കാംക്ഷിച്ചിരുന്ന ബന്ധുക്കള്‍ പണം കിട്ടിയില്ലെങ്കിലും ഈ ക്രൂരന്‍ മരിക്കുന്നത് കാണാം എന്നതെങ്കിലും സാധിക്കും എന്നോര്‍ത്തു കൊയക്കുട്ടിയുടെ വീട്ടിലെത്തി... മക്കളും മരുമക്കളും ബന്ധുക്കളും തുടങ്ങി നൂറുകണക്കിന് ജനങ്ങള്‍ കൂടിനില്‍ക്കുന്നിടത്തു കോയക്കുട്ടി വിതുമ്പി.

"എല്ലാവരെയും വിഷമിപ്പിച്ചതില്‍ ക്ഷമിക്കണം.. ഇത്രയുംനാള്‍ നിങ്ങളെ വിഷമിപ്പിച്ചു...നിങ്ങള്‍ എനിക്ക് അതിന്‍റെ ശിക്ഷതരണം.."

എല്ലാവരും മുഖത്തോടു മുഖം നോക്കി..

"ഇവിടെ ഒരു മുള്ള് മുരിക്കിന്‍റെ കമ്പ് ഇരിപ്പുണ്ട്.. അത് എന്‍റെ ആസനത്തില്‍ ഒരു കൂടം കൊണ്ടടിച്ചു കയറ്റണം..അതെന്‍റെ പാപങ്ങളുടെ പ്രായശ്ചിത്തം ആയി ഞാന്‍ കരുതികൊള്ളാം."

ബന്ധുക്കള്‍ എല്ലാവരും ആ മുരിക്കിന്‍ കമ്പി കൊയക്കുട്ടിയുടെ ആസനത്തിലൂടെ അടിച്ചുകയറ്റുകയും അങ്ങനെ കോയക്കുട്ടി മരിക്കുകയും ചെയ്തു.. പക്ഷെ ബന്ധുക്കളുടെ സന്തോഷത്തിനു അധികം സമയം ഉണ്ടായില്ല...മരണം കാണാന്‍വന്ന പോലീസ് ആ കമ്പ് കണ്ടപ്പോഴേ കൊലപാതകം എന്ന് മനസ്സിലാക്കി ബന്ധുക്കളെ ഓരോരുത്തരെ ക്രൂരമായി മര്‍ദ്ദിക്കാന്‍ ആരംഭിച്ചു...അപ്പോഴാണ്‌ മരിക്കുമ്പോഴും ബന്ധുക്കള്‍ക്ക് ഒരു പണി കൊടുത്തിട്ട് പോകാനുള്ള കൊയക്കുട്ടിയുടെ അടവായിരുന്നു ഇതെന്ന് മനസ്സിലാക്കിയത്...

പക്ഷെ കുറെനാളത്തെ കടുത്ത പോലീസ് മര്‍ദ്ദനങ്ങളില്‍ മടുത്ത ബന്ധുക്കളും നാട്ടാരും പാവപ്പെട്ട ഷബീറിനെ പ്രതിയാക്കി ഈ കേസില്‍ നിന്നൂരുകയും കൊയക്കുട്ടിയുടെ സമ്പത്ത് തട്ടിയെടുക്കയും ആണുണ്ടായത്. അങ്ങനെ ദുര്‍ഗുണപരിഹാര പാഠശാലയില്‍ന്നും പുറത്തുവന്ന ഷബീര്‍ വലിയ ഗുണ്ടയാകുകയായിരുന്നു,.

ഇതെല്ലാം കൂടി കേട്ട ദേവേന്ദ്രന്‍ വീണ്ടും കൂടുതല്‍ പേടിച്ചു..പക്ഷെ ഷബീറിനെ ഒതുക്കാനുള്ള വിദ്യ എന്‍റെ കൈയിലുണ്ടെന്ന് അറിഞ്ഞപ്പോള്‍ സമാധാനത്തോടെ പോത്തിന്‍റെ ഇടതുചെവിയില്‍ പിടിച്ചു യാത്രയുടെ ഗതിമാറ്റി ഷബീറിന്‍ വീട് ലക്ഷ്യമാക്കി വിട്ടു..

ഇതൊന്നുംഅറിയാതെ ഷബീര്‍ നീണ്ട ഒരു ഉറക്കത്തില്‍ ആയിരുന്നു,..

(ഇതിന്‍റെ ആശയം ഒരു നാടോടി കഥയോട് സാദൃശ്യം തോന്നിയാല്‍ യാദൃശികം മാത്രമാണ്.. ദ്രോഹികള്‍ എതുനാട്ടിലാ ഇല്ലാത്തത്)

Wednesday, December 31, 2008

26.ആത്മാവിനെ പിടിക്കാന്‍ ദേവേന്ദ്രന്‍റെ യാത്രയുടെ തുടക്കം

ചിത്രഗുപ്തന്‍ കൊടുത്ത ലിസ്റ്റുമായി കാലത്തെ തന്നെ ദേവേന്ദ്രന്‍ എന്‍റെ അടുത്തെത്തി.. പുതിയ ദേവേന്ദ്രന്‍ കാലന് കൂട്ടുപോകാന്‍ ഞാന്‍ നേരത്തെ ഒരുങ്ങിയിരുന്നു..

വീണ്ടും ഒരു ഭൂമി ദര്‍ശനം. കാരണം മരിച്ചു സ്വര്‍ഗത്തിലോ നരകത്തിലോ വരുന്ന ആത്മാക്കള്‍ പിന്നീട് ഭൂമി കണികാണാന്‍ ഭാഗ്യമുള്ളവര്‍ അല്ല. മരണശേഷം ഗതികിട്ടാതെ കറങ്ങിനടക്കുന്ന ചില ഭാഗ്യദോഷിപ്രേതങ്ങള്‍ ഭൂമിയില്‍ ചുറ്റിത്തിരിയും എന്നല്ലാതെ ഭൌമ സന്ദര്‍ശനം തീര്‍ത്തും വിലമതിക്കാനവാത്തത് തന്നെ.

ഞാന്‍ ദേവേന്ദ്രന്‍ കാലന്‍റെ അഥവാ നവകാലന്‍ ദേവേന്ദ്രന്‍റെ ലിസ്റ്റില്‍ നോക്കി.. കൊട്ടാരക്കര ഷബീര്‍. അറിയപ്പെടുന്ന ഗുണ്ടയാണ്.. ഞാന്‍ സഹതാപത്തോടെ ദേവേന്ദ്രനെ നോക്കി.. എന്‍റെ നോട്ടത്തിലെ സഹതാപം തിരിച്ചറിഞ്ഞ ദേവേന്ദ്രന് ആധിയായി.

"എന്താ മാഷേ...വല്ല പ്രശ്നവും...."

"എടൊ നവകാല.. ഈ ശവി നാട്ടിലെ അറിയപ്പെടുന്ന ഗുണ്ടയാ.. ഒരു നടയ്ക്കൊന്നും പോരാത്ത ഇനമാ..ങ്ങ .. ചെന്നിട്ടു നോക്കാം.."

ദേവേന്ദ്രനെ വിറയ്ക്കാന്‍ തുടങ്ങി..

" താനൊരു കാര്യം ചെയ്യ്.. അല്പം നാടന്‍വാറ്റ് ഇരിപ്പുണ്ട്.. അടിച്ചിട്ട് വാ.. "

ഞാന്‍ അകത്ത് ചെന്നു അല്പം വാറ്റ് ചാരായം ഊറ്റി ദേവേന്ദ്രന് കൊടുത്തു.. ദേവേന്ദ്രന്‍ ഒറ്റപ്പിടിക്ക് വാറ്റടിച്ചു ചുണ്ടും തുടച്ചു ഒരു ഗാട്ടാഗുസ്തിക്കാരനെ പോലെ കവച്ചു കവച്ചു എന്‍റെ കൂടെ നടന്നു.ഇടയ്ക്കിടെ എന്നെ നോക്കുന്നതും ശ്രദ്ധിച്ചപ്പോള്‍ ആള് ഞാന്‍ കരുതിയപോലല്ല പേടിത്തൊണ്ടന്‍ ആണെന്ന് മനസ്സിലായി.. അല്പം കപട ഗൌരവത്തോടെ ഒന്നു ശകാരിക്കാം എന്ന് കരുതി..

" എന്താടെ ദേവേന്ദ്ര... ഇങ്ങനെ കവച്ചു കവച്ചു നടക്കുന്നത്. ഇതു കണ്ടാല്‍ തനിക്ക് പൈല്‍സ് ഉണ്ടെന്നല്ലേ തോന്നൂ.. പഴയ യമരാജന്‍റെ അസുഖം തനിക്കും ഉണ്ടോ.. ഉണ്ടെങ്കില്‍ പേടിക്കേണ്ട.. മരുന്നുണ്ട്..."

ദേവേന്ദ്രന്‍ അല്പം മര്യാദയ്ക്ക് നടക്കാന്‍ തുടങ്ങി..

" അല്ല എന്‍റെ മാഷേ..ഞാന്‍ അല്പം ധൈര്യം കാണിച്ചു നടന്നതാ.."

ദേവേന്ദ്രന്‍ കാര്യം വിശദീകരിച്ചു..ഞാന്‍ അമ്പരന്നു പോയിരുന്നു..ഒപ്പം കഴിഞ്ഞാ കാലം ഒരു മിന്നായം പോലെ മനസ്സിലൂടെ ഓടി മറഞ്ഞു.. തന്നെ കാലന്‍ പിടിച്ചു കൊണ്ടുവന്നതും ഇവിടെ സ്വര്‍ഗത്തിലും നരകത്തിലും സ്ഥലമില്ലാതെ ഷക്കീലയുടെ കൂടെ ഗസ്റ്റ്റൂമില്‍ വച്ചിരുന്നതും ഒടുവില്‍ സ്വര്‍ഗത്തില്‍ വിട്ടതും അവിടെ വയാഗ്ര മരുന്ന് ദേവേന്ദ്രന് കൊടുത്തതും.കാലന്‍റെ പൈല്‍സ് മാറ്റിയതും,ഭൂലോക തരികിടപെണ്ണുങ്ങളെ സഹായിയായി ലഭിച്ചതും, മുള്ള് മരത്തില്‍ കയറ്റിയതും എല്ലാം. ഓര്‍ക്കുമ്പോള്‍ ചിരിവരുന്നു..

വന്നപ്പോള്‍ ഞാന്‍ എന്തായിരുന്നു.. എല്ലാവരെയും പേടിച്ച ഒരു സാധു.. എന്നാല്‍ എന്ന് സ്വര്‍ഗത്തിലും നരകത്തിലും മാത്രമല്ല മുഴുവന്‍ യമാപുരിയിലും ത്രിശങ്കു സ്വര്‍ഗത്തില്‍ പോലും എല്ലാവരും ബഹുമാനിക്കുകയും പേടിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയമാനിപുലേറ്റര്‍. എന്തിനും ഏതിനും ഞാന്‍ തന്നെ വേണം.. എന്‍റെ ഒരു കാര്യം..തെമ്മാടിയേം തേക്കിന്‍ തടിയേം എവിടെ വേണമെങ്കിലും കിടത്താം എന്നുള്ളത് അപ്പോള്‍ ഇതാണ്.. അല്പം വേലത്തരവും തരികിടയും ഉണ്ടെങ്കില്‍ ഭൂമിയില്‍ അല്ല യമാപുരിയിലും വിലസാം..അല്പം ക്ഷമയും വക്രബുദ്ധിയും ഉണ്ടായിരുന്നാല്‍ മതി..

ഞങ്ങള്‍ നടന്നു നടന്നു പോത്തിനെ കെട്ടിയ പോര്‍ച്ചില്‍ ചെന്നു. എന്നെ കണ്ട പോത്ത് വാലാട്ടി കാണിച്ചു.. രണ്ടു മൂന്നു പ്രാവശ്യം കയറിയത് കൊണ്ടാകും പോത്തിന് നല്ല പരിചയം.. ആദ്യമായി ദേവേന്ദ്രന്‍ കാലനായത് കൊണ്ടു ചിത്രഗുപ്തനും സ്വര്‍ഗത്തില്‍ നിന്നു രണ്ടു കിഴവി അപ്സരസുമാരും വന്നിട്ടുണ്ട്. അവര്‍ ദേവേന്ദ്രന് തിലകം ചാര്‍ത്തി. ഞാന്‍ അവരെ കണ്ണിറുക്കി കാണിച്ചപ്പോള്‍ അവര്‍ ചുണ്ട് കടിച്ചു കാല്‍വിരല്‍ കൊണ്ടു നിലത്തു ചതുരമോ വൃത്തമോ ഏതാണ്ടൊക്കെ വരച്ചു..ചിത്രഗുപ്തന്‍ പുതിയ കാലനെ മണിയടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയപ്പോള്‍ നാട്ടില്‍ സര്‍ക്കാര്‍ ഓഫീസില്‍ പുതുതായി എത്തുന്ന ഓഫീസറെ കൈമണി അടിക്കുന്ന പ്യൂണിനെയാണ് ഓര്‍മ്മ വന്നത്.ചിത്രഗുപ്തന്‍ എന്‍റെ നേരെ തിരിഞ്ഞു..

" എടൊ ,..നായരെ. ഈ ദേവേന്ദ്രനെ എല്ലാം നേരം വണ്ണം കാണിച്ചു കൊടുക്കണം..കേട്ടോ..."

ഓ ആശാന്‍ സാറ് കളിക്കുകയാണ്..

"ചിത്രഗുപ്താ...ഒരു കാര്യം പറയാനുണ്ട്..എന്‍റെ കൂടെ വന്നേ.."

ഞാന്‍ ചിത്രഗുപ്തനെ വിളിച്ചു ഒരു വശത്തേക്ക്‌ കൊണ്ടുപോയി.. ചെന്നതെ കരണക്കുറ്റിനോക്കി ഒന്നങ്ങു പൊട്ടിച്ചു..

"എടാ കഴുവേറി കൂടുതല്‍ കളിക്കല്ലേ.. ഞാന്‍ നമ്മുടെ ലീഡറെ പോലെയാ.. ഭരണം വേണം എന്നില്ല.. എല്ലാം എന്‍റെ കൈയിലൂടെയാ ....കൂടുതല്‍ എമാത്തിയാല്‍ പന്നീ നിന്നെ വല്ല പാതളകുഴിയില്‍ അരിയാട്ടാന്‍ പറഞ്ഞു വിടും.. കൂടുതല്‍ ആളുകളിക്കല്ലേ.. ദേവേന്ദ്രന്‍ വെറും ബിനാമിയാ.. രണ്ടാഴ്ച കഴിഞ്ഞാല്‍ ഞാന്‍ തന്നെ എല്ലാം.. കൂടുതല്‍ കൊരയ്ക്കാതെ നിന്നോ.."

ചിത്രഗുപ്തന്‍ പെട്ടെന്ന് തന്നെ കാര്യങ്ങള്‍ മനസ്സിലാക്കി.. ഒരു വിഡ്ഢി ചിരി പാസാക്കി..

" അത് പിന്നെ എനിക്കറിയില്ലേ.. പക്ഷെ ആരോടും പറയണ്ട.."

ചിത്രഗുപ്തന്‍ എന്‍റെ തോളിലൂടെ കൈയിട്ടു പുതിയ കാലന്‍റെ അടുത്തേക്ക് നടന്നു.ഞാന്‍ എന്‍റെ കഴുത്തില്‍ ചുറ്റിയിരുന്ന കുറിമുണ്ട് ദേവേന്ദ്രന് കൊടുത്തു.. എന്തിനെന്ന മട്ടില്‍ എന്നെ നോക്കിയ ദേവെന്ദ്രനോടായി ഞാന്‍ പറഞ്ഞു..

"എടൊ മാഷേ...ആസനം നോവും.. ഇതു സിംഹാസനം അല്ല..പോത്തിന്‍റെ മുതുകാ.. നല്ല എല്ലാ.. ശരിക്കും നോവും..വേണമെങ്കില്‍ നേരം വണ്ണം ഇടാമെങ്കില്‍ ബുദ്ധിമുട്ടില്ലാതെ ഭൂമിയില്‍ എത്താം.."

കുറിമുണ്ട് കൊണ്ടു ജീനിയുണ്ടാക്കി ദേവേന്ദ്രനും ഒപ്പം ഞാനും പോത്തിന്‍റെ മുകളില്‍ കയറി..ചിത്രഗുപ്തന്‍ പോത്തിനെ അഴിച്ചുവിട്ടു.. അപ്സരസുകള്‍ ടാറ്റ കാണിച്ചു.. പക്ഷെ പോത്ത്‌ നിന്നയിടത്തുനിന്നു അനങ്ങിയില്ല.ചിത്രഗുപ്തനും അപ്സരസുകളും ദേവേന്ദ്രനും എന്ന് ചെയ്യണം എന്നറിയാതെ മിഴിച്ചുനിന്നു.. ഞാന്‍ എന്‍റെ പുറം കാലുകൊണ്ട്‌ പോത്തിന്‍റെ വാലിന്‍റെ ഇടയിലൂടെ ആക്സിലെട്ടറില്‍ ചവിട്ടി..

എല്ലാവരെയും അമ്പരപ്പെടുത്തി നേരെ പിന്നില്‍നിന്നിരുന്ന ചിത്രഗുപ്തന്‍റെ മുഖത്തേക്ക് കൊരവപ്പൂ പോലെ ചാണകം ചീറ്റിച്ചു പോത്ത്‌ ഒന്നമറി ബൂലോകത്തേക്ക് കുതിച്ചു..